മട്ടന്നൂർ: കാലവർഷം ആരംഭിക്കാനിരിക്കെ പഴശി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് പുഴയിലേക്ക് വെള്ളം ഒഴുക്കിവിട്ടു. ഇന്നലെ രാവിലെ 11ന് അണക്കെട്ടിന്റെ രണ്ടു ഷട്ടറുകളും വൈകുന്നേരത്തോടെ മറ്റു രണ്ടു ഷട്ടറുകളും തുറക്കുകയായിരുന്നു. കാലവര്‍ഷം ആരംഭിക്കുന്നതിനൊപ്പം അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാലാണ് ഷട്ടറുകൾ തുറന്നത്.
16 ഷട്ടറുകളിൽ നാല് ഷട്ടറുകളാണ് രണ്ടു തവണകളായി തുറന്നത്. പഴശി അസി. എൻജിനിയർ സൂര്യയുടെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ രണ്ടു ഷട്ടറുകൾ 30 സെന്റീമീറ്റർ ഉയർത്തിയാണ് വെള്ളം പുഴയിലേക്ക് ഒഴുക്കിയത്. പിന്നീട് വൈകുന്നേരം അഞ്ചോടെ 15 സെന്റീമീറ്ററിൽ രണ്ടുഷട്ടറുകൾ കൂടി ഉയർത്തുകയായിരുന്നു.
ഇന്നലെ വൈകുന്നേരം 21.19 സ്കൈയിൽ മീറ്റർ വെള്ളം ഡാമിലുണ്ടായിരുന്നു. ഡാമിൽ വെള്ളം കൂടുകയാണെങ്കിൽ മറ്റു ഷട്ടറുകളും തുറക്കുമെന്ന് അധികൃതർ അറിയിച്ചു. വളപട്ടണം പുഴയുടെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.